Thursday, July 12, 2007

മഞ്ഞു പെയ്യുന്ന രാത്രിയില്‍

പാശ്ചാത്യ രാജ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങളുടെ ഭാഗമായിട്ട് തന്നെ മഞ്ഞും, മഞ്ഞണിഞ്ഞ പാതകളും, രോമത്തൊപ്പിയും കോട്ടുമിട്ട ആള്‍ക്കാരുമൊക്കെ വരാറുണ്ട്. മഞ്ഞിനെപ്പറ്റി വളരെ കാല്പനികമായ കാഴ്ചപ്പാടോട് കൂടിത്തന്നെയാണ് ഒരു വര്‍ഷം മുന്‍പ്(April 2006) ഞാന്‍ അമേരിക്കയിലെത്തിയതും. കാല്പനികഭാവങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ കലര്‍പ്പ് കലരുവാന്‍ രണ്ട് മൂന്ന് മഞ്ഞ് വീഴ്ചകളേ വേണ്ടി വന്നുള്ളൂ!

2006 ഡിസംബര്‍ ഒന്നിന് ആദ്യത്തെ മഞ്ഞ് വീഴ്ച അനുഭവിച്ച ആവേശത്തില്‍ ഓര്‍ക്കുട്ട് മലയാളം കമ്യൂണിറ്റിയില്‍ എഴുതിയ ഒരു കുറിപ്പാണ് താഴെ.

"ഇന്നു രാവിലെ ഇവിടെ മഞ്ഞുപെയ്തു! ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച. അതൊരു വലിയ കാര്യമായി ഇവിടെ എനിക്കൊഴികെ വേറെ ആര്‍ക്കും തോന്നിയില്ല! അവരൊന്നും ആദ്യമായല്ലല്ലോ ഇത് കാണുന്നത്!!

ഇന്നലെ രാത്രി ഉറങ്ങുന്നതിനു മുന്‍പ് നോക്കുമ്പോ ജാലകവിരിക്കിടയിലൂടെ നല്ല പ്രകാശം വരുന്നു! എന്താണെന്നറിയാനായി ജാലകവിരി മാറ്റി നോക്കിയപ്പോള്‍ സംഗതി അതു തന്നെ!, കുറച്ച് കാലമായി കാത്തിരുന്ന മഞ്ഞ്! നല്ല പാല്‍നിലാവുള്ള രാത്രിയെക്കാള്‍ കുറച്ചുകൂടി പ്രകാശം ഉണ്ട്. താഴെ പഞ്ചാരമണല്‍ വിരിച്ചപോലെ മഞ്ഞിന്‍റെ ഒരു നേര്‍ത്ത പാളി. മഞ്ഞിന്‍റെ നേര്‍ത്ത ധൂളികള്‍ പതിയെ താഴേക്ക് പറന്നിറങ്ങുന്നു. വളരെ മനോഹരമായ കാഴ്ച, ഒരു 'സര്‍ റിയലിസ്റ്റിക്' ലോകത്ത് എത്തിച്ചേര്‍ന്ന പ്രതീതി!കുറേ നേരം അത് നോക്കി നിന്നതിനു ശേഷം ആണ് ഉറങ്ങാന്‍ പോയത് (സാധിച്ചത്!!)
രാവിലെ (സമയം ചോദിക്കരുത്, ആപേക്ഷികമായി എന്‍റെ രാവിലെ) ഉണര്‍ന്ന് നോക്കുമ്പോള്‍ ഒരടിയില്‍ കൂടുതല്‍ ഘനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. ഞങ്ങളുടെ പാര്‍ക്കിങ്ങ്‌ലോട്ടും മുന്‍വശത്തുള്ള റോഡും വേര്‍തിരിച്ചറിയാത്ത വിധം മഞ്ഞ് വീണിട്ടുണ്ട്. മണ്‍കോരി പോലുള്ള ഒരു ഉപകരണം കൊണ്ട് കാറിനും ചുറ്റുമുള്ള മഞ്ഞ് നീക്കിയിട്ട് വേണം കാര്‍ റോഡിലേക്കിറക്കുവാന്‍.
'വര്‍ക്കിങ്ങ് ഫ്രം ഹോം' എന്ന ലോട്ടറി അടിച്ച ഞാന്‍ ഇതൊക്കെ കണ്ടു രസിച്ച് വീടിന്‍റെ സുരക്ഷിതത്വത്തില്‍ തന്നെ നിന്നു! എന്തായാലും ധൈര്യസമേതം വരാന്തയുടെ വാതില്‍ തുറന്ന് കൈയും തലയും പുറത്തിട്ട് കുറച്ച് ഫോട്ടോ എടുത്തു, എന്‍റെ ആദ്യ മഞ്ഞുകാലത്തിന്‍റെ ഓര്‍മ്മക്കായി! ആ ഫോട്ടോസ് നിങ്ങള്‍ക്ക് ഇവിടെ കാണാം.

'ശ്ശോ നാശം.. നാളെയും മഞ്ഞ് പെയ്യുമോ?' എന്നു ഞാന്‍ ചോദിക്കുന്ന കാലം വിദൂരമല്ലെന്ന തിരിച്ചറിവോടെ തന്നെ നിറുത്തുന്നു.. !! "



ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ഫോട്ടോകളിലേക്ക് പോകാനുള്ള ബട്ടണ്‍ കാണാനാകും

Monday, July 2, 2007

മിസ്സിസ്സിപ്പി നദീ തീരെ..

എന്തെങ്കിലുമൊക്കെ എഴുതിപ്പിടിപ്പിച്ച് ബ്ലോഗിങ്ങ് തുടങ്ങാമെന്ന മോഹങ്ങളൊക്കെ അസ്തമിച്ചു. ഇനിയിപ്പൊ ഒരു വഴിയേ കാണുന്നുള്ളൂ..ക്യാമറയും കഴുത്തില്‍ തൂക്കി നടക്കുന്നതിനിടക്ക് പതിഞ്ഞ് കിട്ടിയ കുറച്ച് ഫോട്ടോസ് എടുത്തിവിടെയങ്ങ് പ്രതിഷ്ഠിക്കുക തന്നെ! ബ്ലോഗ് ലോകത്തിലെ ഫോട്ടോഗ്രാഫര്‍ പുലികളേ.. മന്നിച്ചിടുങ്കോ!.


കഴിഞ്ഞ വര്‍‍ഷം ഏപ്രിലില്‍ ഇവിടെ ബുഷ് അങ്കിളിന്റെ നാട്ടില്‍ എത്തിയ ശേഷം കൂടുതല്‍ കാലവും മിസ്സിസ്സിപ്പി നദിക്കരയിലുള്ള മൊളീന്‍ എന്നൊരു ഗ്രാമത്തിലായിരുന്നു. ഋതുഭേദങ്ങള്‍ അതിന്റെ എല്ലാ പൊലിമയോടും കൂടി കാണാന്‍ കഴിഞ്ഞത് അവിടെ വെച്ചാണ്. കുറച്ച് ചിത്രങ്ങള്‍ ഇവിടെ കാണാം.



ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അടുത്ത ഫോട്ടോകളിലേക്ക് പോകാനുള്ള ബട്ടണ്‍ കാണാനാകും